Saturday, 9 June 2018

വീണ്ടും മഴ

മറവിയുടെ കൊടുങ്കാട്ടിലേക്ക്                        വലിച്ചെറിഞ്ഞ ഭൂതകാലത്തെ                             ചികഞ്ഞെടുത്ത് കടിച്ചു പിടിച്ച്                           എന്റെ മുറ്റത്ത് കൊണ്ടിട്ടു           കുരയ്ക്കുന്നു മഴയെന്ന                                       വികൃതിപ്പട്ടി
അഭയാർത്ഥി ക്യാമ്പിനു മുകളിലെ
ആകാശത്ത് തെളിയുന്ന വിമാനം പോലെയാണ് നിന്റെ പ്രണയം. പൊട്ടിത്തെറിച്ചില്ലാതാവുമൊ,
പട്ടിണി മാറുമൊ എന്നറിയാതെ
 പ്രതീക്ഷയോടെ കൈകൾ നീട്ടി നിൽക്കുന്ന കുഞ്ഞിനെപ്പോലെയാണ് എന്റെ ഹൃദയം.

Sunday, 25 September 2016

Wednesday, 7 January 2015

നോട്ടിൽ തറയ്ക്കപ്പെട്ടവൻ












എത്ര കോടി ഹിംസകളുടെ 
ഇരുമ്പാണികളാലാണ്  ഗാന്ധിയെ 
നാം ദിനം നോട്ടിൽ തറയ്ക്കുന്നത് 

പുഴ









മണൽ ലോറിയിൽ ചിറകൊതുക്കി,
തല താഴ്ത്തിയിരിക്കുന്നു  പുഴ

Tuesday, 6 January 2015






മഴ വരച്ച വീടിന്റെ ജാലക-
പ്പടിയിൽ പ്രണയാർദ്രരായ
രണ്ടു മിഴിപ്പക്ഷികൾ 

Thursday, 18 December 2014

കൂരായണ കൂരായണ










തപാൽ സ്റ്റാമ്പായി, നൂറിന്റെ ആയിരത്തിന്റെ
നോട്ടുകളായി 
കവലകളിൽ നിന്നു വർഗ്ഗീയ വിഷം തുപ്പുന്ന 
പ്രതിമകളായി ഗോഡ്സെ പുനർജനിക്കുന്നു 

കേവലം മൂന്നു വെടിയുണ്ടകൾ കൊണ്ട് 
സമത്വത്തിന്റെ  ,സാഹോദര്യത്തിന്റെ 
മാറുപിളർന്ന സ്വാർത്ഥതയെ വാഴ്ത്തി 
ഒരു ദിനം നമുക്ക് കുപ്പി പൊട്ടിക്കണം 
ലോകത്തെ തന്റെ കിണറിന്റെ ഇത്തിരി 
വട്ടമായിക്കണ്ട മഹാനു വേണ്ടി കലാലയങ്ങൾ 
പണിയണം 
തമ്മിൽ തമ്മിൽ വെട്ടിമരിക്കേണ്ടതെങ്ങനെയെന്നു 
കുട്ടികളെ പഠിപ്പിച്ചു കൊടുക്കണം 
മറക്കേണ്ടതുണ്ട് രക്തരഹിത സമരങ്ങളെ 
സ്നേഹത്തെ ,ശാന്തിയെ ,ബാപ്പുജിയെ 
ഇതു കലി (ഗോഡ്സെ )യുഗം 
നമുക്ക് കലിയുഗ മന്ത്രം  ഉറക്കേ 
ചൊല്ലാം 
കൂരായണ ,കൂരായണ 

Thursday, 20 November 2014

കുഞ്ഞുപൂക്കള്‍ക്ക്‌




ഒരു കിങ്ങിണിക്കൊഞ്ചലിന്‍ താളം കേട്ടിടില്‍
കുഞ്ഞുടുപ്പിന്‍ തൊങ്ങലൊന്ന് കണ്ടിടില്‍
കൊടും കാമാമുണരുന്ന നികൃഷ്ട കീടങ്ങളെ
പിഞ്ചെങ്കിലും പെണ്ണുടല്‍ പിച്ചിചീന്തി
രസിക്കേണമെന്നുള്ള പ്രാകൃത പ്രമാണത്തെ
നെഞ്ചേറ്റി ലാളിക്കുന്ന ചെന്നായ്ക്കളെ


ചൊല്ലുക,നിങ്ങളെന്തിനാ കൊച്ചു
കണ്ണില്‍ മിന്നുന്ന താരക ദീപങ്ങള്‍
തല്ലിക്കെടുത്തിയിട്ടാര്‍ത്തു ചിരിക്കുന്നു

പൂക്കളില്ലാത്ത ,പൂത്തുമ്പി തന്‍ചിറകറ്റ ,
നിറം കെട്ട,പേക്കിനാക്കളവള്‍ക്ക് സമ്മാനിച്ചു
ശാന്തമായുറങ്ങുന്നു
നിങ്ങളെന്തിനാ കുഞ്ഞു മോഹങ്ങള്‍ തന്‍
നേര്‍ത്ത ചിറകുകള്‍ വെട്ടിയരിഞ്ഞിട്ടു
വിണ്ണിലുയര്‍ന്നു മദിച്ചു പറക്കുന്നു


ആ ക്കുഞ്ഞു തേങ്ങലിലെഴും ദൈവ ശാപത്തിന്‍
ശരശയ്യയില്‍ നിത്യം പിടഞ്ഞു,പിടഞ്ഞു
നിലക്കട്ടെ കല്ലായ് തീര്‍ന്ന നിങ്ങള്‍
തന്‍ ഹൃദയങ്ങള്‍

ആ കുഞ്ഞു മിഴികളിലെഴുന്നോരാ
കരുണാര്‍ദ്രമാം യാചന വേട്ടയാടട്ടെ
നിങ്ങള്‍ തന്‍ ശിഷ്ട ജന്മത്തെ നിത്യവും




സമര്‍പ്പണം:നാദാപുരത്തും,മലപ്പുറവും,ലോകത്തിന്‍റെ
നാനാകോണിലും പിച്ചിച്ചീന്തപ്പെട്ട പൊന്നോമാനകള്‍ക്ക്




Tuesday, 18 March 2014

മധുരത്തോണി










നാവു കൊണ്ടു മധുരത്തോണി തുഴഞ്ഞു ബാല്യത്തിലേ ക്കൊരു യാത്ര  

Wednesday, 17 July 2013

പുഴയോര്‍മ






കാവിമുണ്ടുടുത്ത് വെള്ളിനൂല് കെട്ടിയ തലമുടി വിടര്‍ത്തിയിട്ട് കൈയ്യില്‍ കിട്ടിയതൊക്കെ ഭാണ്ഡത്തില്‍ പെറുക്കിയിട്ട് കടലിലേക്ക്‌ തീര്‍ത്ഥാടനം പോകുന്ന പുഴ മുത്തശ്ശിയെ സ്നേഹത്തോടെ ഞാന്‍ നോക്കിചിരിച്ചു.പണ്ട് ഓരോ മഴക്കാലവും ഒപ്പം എന്‍റെ ബാല്യവും   ഒരുല്‍സവമാക്കി ക്കൊണ്ട് പുഴ എന്‍റെ വെള്ളതേക്കാത്ത,ജനലുകളില്ലാത്ത വീട്ടിലേക്ക്‌ വിരുന്നു വരുമായിരുന്നു.ആദ്യത്തെ ദിവസം തൊടിയില്‍ പരുങ്ങിനിന്നു,പിന്നീട് പടിവരെ വന്നു ഞങ്ങള്‍ കുട്ടികള്‍ ക്ഷണിക്കാനെന്നപോലെ കാലില്‍ തൊട്ടുരുമ്മി.പതിയെ അകത്തു കയറി വികൃതിയായ കുട്ടിയെപ്പോലെ സര്‍വതും വായിലൊതുക്കി.പൊതുവേ സമാധാനപരമായി ജീവിച്ചു പോകുന്ന അച്ഛനെയും,അമ്മയെയും കൊറച്ചു നേരത്തേക്കെങ്കിലും തമ്മിലടിപ്പിച്ച്, ചുവരിലെല്ലാം ഫ്രീ ആയി ചായം തേച്ചു  .ചുറ്റുപാടും എവിടെ നിന്നൊക്കെയോ പെറുക്കി കൊണ്ട് വന്ന സമ്മാനങ്ങള്‍ നിരത്തി.എന്‍റെ തൊടിയിലെ തേങ്ങയോ,മടലോ,വേണ്ടെതെന്തെന്നു വെച്ചാല്‍ ആരോടും അനുവാദം ചോദിക്കാതെ എടുത്ത് കൊണ്ട് യാത്രപോലും ചോദിക്കാതെ അവള്‍ പോകും.എങ്കിലും എല്ലാ മഴക്കാലത്തും ഞങ്ങള്‍ കാത്തിരിക്കാറുണ്ടായിരുന്നു അവളുടെ വരവും കോലാഹലങ്ങളും.ഇന്ന് പുതിയ വീടിന്‍റെ മുകളിലത്തെ മുറിയില്‍ നിന്നു നിറഞ്ഞൊഴുകുന്ന പുഴ നോക്കി നില്‍ക്കുമ്പോള്‍ മനസ്സു വീണ്ടും ബാല്യം കൊതിക്കുന്നു

Friday, 19 October 2012

തിരയെഴുതുന്ന ചിത്രങ്ങള്‍










 




   കൂടംകുളത്തിന്റെ തീരത്തു  തിരകളെഴുതുന്ന
   ചിത്രങ്ങളില്‍
     വികസന വികിരിണങ്ങളെറ്റു കരിഞ്ഞു പോകാവുന്ന
     കുരുന്ന നാമ്പുകളുണ്ട്
     മീനൊഴിഞ്ഞ വലകള്‍ മായ്ക്കുന്ന അടുക്കളകള്‍
     കളുണ്ട്
     ചിറകു കൊഴിഞ്ഞു പിടയുന്ന ചിത്രശലഭങ്ങളുണ്ട്
     ചിതലരിച്ച ജനാധിപത്യ തൂണ്‌കളില്‍ അലയടിക്കാതെ
      പോയ അലമുറകളുണ്ട്
   

       ഭൂമിയുടെ നേര്‍ത്ത ഇളകിച്ചിരിയിലോ,ദീര്‍ഘനിശ്വാസത്തിലോ
        ചിതറിത്തെറിക്കുന്ന സ്വപ്നങ്ങളുണ്ട്!!!
      
         പ്രിയ സുഹൃത്തേ,  കൂടംകുളത്തിന്റെ തീരത്തു
          തിരകളെഴുതുന്ന  ചിത്രങ്ങളില്‍
        നിര്‍വികാരതപുതച്ചു മൌനം  ഭജിച്ചിരിക്കുന്ന എന്‍റെയും
         നിന്‍റെയും  പൊള്ളിക്കരിഞ്ഞ രൂപങ്ങളുണ്ട്
 




 



Friday, 21 September 2012

നര്‍മ്മദ നീയെങ്കിലും കനിയുക













നര്‍മ്മദ നിന്റെ തീരങ്ങളിലാണ് ഞങ്ങളുടെ വംശവൃക്ഷം
വളര്‍ന്നു പന്തലിച്ചത്
നിന്റെ താരാട്ട് കേട്ടാണ് ഞങ്ങള്‍ ദിനവുമുറങ്ങിയിരുന്നത്
നിന്റെ ഹൃദയരക്തത്താലാണ് ഞങ്ങള്‍ തളര്‍ച്ചയാറ്റിയിരുന്നത്

സ്വപ്നങ്ങളും കണ്ണുനീരും വിയര്‍പ്പും കൊണ്ട ഓരോ ചുവരും
കെട്ടിപ്പടുത്ത ചെറു കുടിലിന്റെ മുറ്റത്തു നിന്ന് ഞങ്ങള്‍
 നിന്റെ കുഞ്ഞലകളോടു കുശലം ചോദിച്ചിരുന്നു


വികസനത്തിന്റെ സുവര്‍ണ്ണ പാദുകമണിഞ്ഞു വന്ന
കഴുകന്‍മാര്‍ നിന്നെ കോണ്‍ക്രീറ്റ് തടവറയിലടച്ചതു
മുതല്‍ നിന്നിലെക്കടര്‍ന്നു വീഴുന്ന ഓരോ മഴത്തുള്ളിയും
ഞങ്ങളുടെ കാതുകളില്‍ മരണത്തിന്റെ പെരുമ്പറയായി
മുഴങ്ങുന്നു

നഗരവാസികളുടെ  അന്തപ്പുരങ്ങളിലെ
 എണ്ണിയാലൊടുങ്ങാത്തമുറികളില്‍ രാപ്പകലെരിയുന്ന
വൈദ്യുത വിളക്കുകള്‍ നിസ്സഹായരായ ഞങ്ങള്‍
ഗ്രാമീണരുടെ നെഞ്ചിലെ തീയാണ്


ഇലയനക്കത്തെയും ചെറു കാറ്റിനെയും ഭയന്നു നിദ്രയറ്റു
ജീവിക്കുന്ന ഞങ്ങള്‍ക്ക്  നേരെ ഭരണകൂടവും നീതിപീടവും
മുഖം  തിരിച്ചിരിക്കുമ്പോള്‍
ഭാവി പ്രളയരൂപേണ ഞങ്ങളുടെ പടിവാതില്‍ തേടി വരുന്നു