Wednesday 17 July 2013

പുഴയോര്‍മ






കാവിമുണ്ടുടുത്ത് വെള്ളിനൂല് കെട്ടിയ തലമുടി വിടര്‍ത്തിയിട്ട് കൈയ്യില്‍ കിട്ടിയതൊക്കെ ഭാണ്ഡത്തില്‍ പെറുക്കിയിട്ട് കടലിലേക്ക്‌ തീര്‍ത്ഥാടനം പോകുന്ന പുഴ മുത്തശ്ശിയെ സ്നേഹത്തോടെ ഞാന്‍ നോക്കിചിരിച്ചു.പണ്ട് ഓരോ മഴക്കാലവും ഒപ്പം എന്‍റെ ബാല്യവും   ഒരുല്‍സവമാക്കി ക്കൊണ്ട് പുഴ എന്‍റെ വെള്ളതേക്കാത്ത,ജനലുകളില്ലാത്ത വീട്ടിലേക്ക്‌ വിരുന്നു വരുമായിരുന്നു.ആദ്യത്തെ ദിവസം തൊടിയില്‍ പരുങ്ങിനിന്നു,പിന്നീട് പടിവരെ വന്നു ഞങ്ങള്‍ കുട്ടികള്‍ ക്ഷണിക്കാനെന്നപോലെ കാലില്‍ തൊട്ടുരുമ്മി.പതിയെ അകത്തു കയറി വികൃതിയായ കുട്ടിയെപ്പോലെ സര്‍വതും വായിലൊതുക്കി.പൊതുവേ സമാധാനപരമായി ജീവിച്ചു പോകുന്ന അച്ഛനെയും,അമ്മയെയും കൊറച്ചു നേരത്തേക്കെങ്കിലും തമ്മിലടിപ്പിച്ച്, ചുവരിലെല്ലാം ഫ്രീ ആയി ചായം തേച്ചു  .ചുറ്റുപാടും എവിടെ നിന്നൊക്കെയോ പെറുക്കി കൊണ്ട് വന്ന സമ്മാനങ്ങള്‍ നിരത്തി.എന്‍റെ തൊടിയിലെ തേങ്ങയോ,മടലോ,വേണ്ടെതെന്തെന്നു വെച്ചാല്‍ ആരോടും അനുവാദം ചോദിക്കാതെ എടുത്ത് കൊണ്ട് യാത്രപോലും ചോദിക്കാതെ അവള്‍ പോകും.എങ്കിലും എല്ലാ മഴക്കാലത്തും ഞങ്ങള്‍ കാത്തിരിക്കാറുണ്ടായിരുന്നു അവളുടെ വരവും കോലാഹലങ്ങളും.ഇന്ന് പുതിയ വീടിന്‍റെ മുകളിലത്തെ മുറിയില്‍ നിന്നു നിറഞ്ഞൊഴുകുന്ന പുഴ നോക്കി നില്‍ക്കുമ്പോള്‍ മനസ്സു വീണ്ടും ബാല്യം കൊതിക്കുന്നു