Friday 21 September 2012

നര്‍മ്മദ നീയെങ്കിലും കനിയുക













നര്‍മ്മദ നിന്റെ തീരങ്ങളിലാണ് ഞങ്ങളുടെ വംശവൃക്ഷം
വളര്‍ന്നു പന്തലിച്ചത്
നിന്റെ താരാട്ട് കേട്ടാണ് ഞങ്ങള്‍ ദിനവുമുറങ്ങിയിരുന്നത്
നിന്റെ ഹൃദയരക്തത്താലാണ് ഞങ്ങള്‍ തളര്‍ച്ചയാറ്റിയിരുന്നത്

സ്വപ്നങ്ങളും കണ്ണുനീരും വിയര്‍പ്പും കൊണ്ട ഓരോ ചുവരും
കെട്ടിപ്പടുത്ത ചെറു കുടിലിന്റെ മുറ്റത്തു നിന്ന് ഞങ്ങള്‍
 നിന്റെ കുഞ്ഞലകളോടു കുശലം ചോദിച്ചിരുന്നു


വികസനത്തിന്റെ സുവര്‍ണ്ണ പാദുകമണിഞ്ഞു വന്ന
കഴുകന്‍മാര്‍ നിന്നെ കോണ്‍ക്രീറ്റ് തടവറയിലടച്ചതു
മുതല്‍ നിന്നിലെക്കടര്‍ന്നു വീഴുന്ന ഓരോ മഴത്തുള്ളിയും
ഞങ്ങളുടെ കാതുകളില്‍ മരണത്തിന്റെ പെരുമ്പറയായി
മുഴങ്ങുന്നു

നഗരവാസികളുടെ  അന്തപ്പുരങ്ങളിലെ
 എണ്ണിയാലൊടുങ്ങാത്തമുറികളില്‍ രാപ്പകലെരിയുന്ന
വൈദ്യുത വിളക്കുകള്‍ നിസ്സഹായരായ ഞങ്ങള്‍
ഗ്രാമീണരുടെ നെഞ്ചിലെ തീയാണ്


ഇലയനക്കത്തെയും ചെറു കാറ്റിനെയും ഭയന്നു നിദ്രയറ്റു
ജീവിക്കുന്ന ഞങ്ങള്‍ക്ക്  നേരെ ഭരണകൂടവും നീതിപീടവും
മുഖം  തിരിച്ചിരിക്കുമ്പോള്‍
ഭാവി പ്രളയരൂപേണ ഞങ്ങളുടെ പടിവാതില്‍ തേടി വരുന്നു